2022 ഡിസംബര്‍ 31 വരെ ക്ഷേമ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കൾ ആഗസ്റ്റ് 31നകം ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്നായിരുന്നു നിർദേശം. ഇതുപ്രകാരം ജൂൺ മാസം വരെ പെൻഷൻ വാങ്ങിയ 63 ലക്ഷത്തോളം ഗുണഭോക്താക്കളിൽ നിന്ന് മസ്റ്ററിങ് ചെയ്തവരാണ് 59.5 ലക്ഷം പേർ. 53 ലക്ഷം പേർ നേരിട്ട് മസ്റ്റർ ചെയ്തപ്പോൾ 6.5 ലക്ഷം പേരുടെ വീട്ടിലെത്തിയാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. പുതിയ കണക്ക് പ്രകാരം ഗുണഭോക്താക്കളുടെ ലിസ്റ്റിലുള്ള 3.5 ലക്ഷത്തോളം പേർ മസ്റ്റർ ചെയ്തിട്ടില്ല.
അവസാന ദിവസമായ ആഗസ്റ്റ് 31ന് വെറും 4,000 പേർ മാത്രമാണ് മസ്റ്റർ ചെയ്‌തത്. രണ്ട് തവണ മസ്റ്ററിങ്ങിന് സമയം നീട്ടി നൽകിയിരുന്നു. മസ്റ്റർ ചെയ്യാത്ത 3.5 ലക്ഷം പേരെ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ നിലവിൽ തീരുമാനിച്ചിട്ടില്ല. സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് എല്ലാ മാസവും ഒന്നുമുതൽ 20 വരെ മസ്റ്ററിങ് ചെയ്യാം. എന്നാൽ മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. സംസ്ഥാനത്തെ മരണ നിരക്ക് അടക്കമുള്ള കാരണങ്ങൾ പരിഗണിച്ചാൽ ഈ 59.5 ലക്ഷം ഗുണഭോക്താക്കളുടെ എണ്ണത്തിൽ കാര്യമായ വർധനയ്ക്ക് സാധ്യത ഇല്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.