കടയ്ക്കാവൂർ: മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപം വാമനപുരം നദിയോട് ചേർന്നുള്ള ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലംകോട് മണ്ണൂർഭാഗം കാട്ടിൽ വീട്ടിൽ പൊടിയൻ, അംബി ദമ്പതികളുടെ മകനായ സുജി (32) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പുരയിടത്തിന് സമീപത്തുകൂടി നടന്നു പോയവരാണ് മൃദദേഹം കണ്ടത്. തുടർന്ന് കടയ്ക്കാവൂർ പോലീസിൽ വിവരമറിയിക്കുകയും പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.
ആറ്റിങ്ങൽ നഗരൂർ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സുജി. സംഭവവുമായി ബന്ധപ്പെട്ട സുജിയുടെ സുഹൃത്തുക്കളായ രണ്ട് പേർ പോലീസ് പിടിയിലായി. കീഴാറ്റിങ്ങൽ സ്വദേശി കടകംപള്ളി ബിജു, കരിച്ചയിൽ സ്വദേശി അനീഷ് എന്നിവരെയാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.
ലഹരി ഉപയോഗത്തിനിടയിൽ ഉണ്ടായ വാക്ക് തർക്കവും വ്യക്തിവിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ച വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആലംകോട് ഭാഗത്ത് നിന്നും ബിജുവിന്റെ ഓട്ടോറിക്ഷയിൽ കൊല്ലപ്പെട്ട സുജിയും അനിഷനും കൂടി ആറ്റിങ്ങലിലുള്ള മദ്യശാലയിൽ എത്തി മൂന്നുപേരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് രാത്രി 9 മണിയോടെ മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ എത്തി വീണ്ടും മദ്യപിക്കുന്നതിനിടയിൽ വാക്ക് തർക്കവും തുടർന്നുണ്ടായ സംഘർഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട സുജിയുടെ ദേഹത്ത് വെട്ട് കത്തിക്ക് വെട്ടി മുറിവേറ്റ പാടുകളുണ്ട്. സംഭവശേഷം രാത്രി 12 മണിയോടെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് എതിർവശത്ത് ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഒളിവിൽ പോയ ബിജുവിനെയും അനീഷിനെയും വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പോലീസ് പിടികൂടുകയുമായിരുന്നു. ഓട്ടോറിക്ഷയിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച് വെട്ടുകത്തി പോലീസ് കണ്ടെടുത്തു. ഫോറൻസിക് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.