ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിശപ്പകറ്റിയ ഉച്ചഭക്ഷണ പദ്ധതിയും നിലക്കുന്നു. ചെലവിനത്തില്‍ സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തതാണ് പദ്ധതി നിലക്കാന്‍ കാരണം. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ ചുമതലയുള്ള പല പ്രഥമാധ്യാപകരും തങ്ങള്‍ക്ക് പദ്ധതി തുടരാനാവില്ലെന്നു കാണിച്ച് ന്യൂണ്‍മീല്‍സ് സൂപ്രണ്ടു കൂടിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കി തുടങ്ങി. ധൂര്‍ത്തടിച്ചും മറ്റും ഖജനാവ് കാലിയാക്കുന്ന തിരക്കിനിടയില്‍ പിഞ്ചോമനകളുടെ വിശപ്പകറ്റാന്‍ നല്‍കി വരുന്ന ഉച്ച ഭക്ഷണ പദ്ധതി പോലും നിലച്ചതറിയാതെ മൗനം തുടരുകയാണ് സര്‍ക്കാര്‍.പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും നിലവില്‍ ഭക്ഷണം നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം 150 മില്ലി ലിറ്റര്‍ തിളപ്പിച്ച പാല്‍, ഒരു ദിവസം മുട്ട, മുട്ട കഴിക്കാത്തവര്‍ക്ക് അതേ വിലയില്‍ നേന്ത്രപ്പഴം, രണ്ട് കറികള്‍ എന്നിവയാണ് നല്‍കി വരുന്നത്. പദ്ധതിക്ക് അരിയും പാചകക്കൂലിയും മാത്രമാണ് സര്‍ക്കാര്‍ നിലവില്‍ നല്‍കി വരുന്നത്. എന്നാല്‍ ജൂണില്‍ സ്‌കൂള്‍ തുറന്ന് ആഗസ്ത് മാസം പൂര്‍ത്തിയായിട്ടും ഒരു നയാ പൈസ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മൂന്നു മാസത്തെ കുടിശിക പല സ്‌കൂളുകള്‍ക്കും രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കാനുണ്ട്.പാല്‍, മുട്ട, ഗ്യാസ്, പച്ചക്കറി, പലവ്യഞ്ജനം എന്നിവയാണ് നിലവില്‍ പുറമെ നിന്നും അധ്യാപകര്‍ വാങ്ങുന്നത്. സ്‌കൂളുകള്‍ തന്നെ വാങ്ങണം. ഈ സാധനങ്ങള്‍ക്കുള്ള പണം കൃത്യമായി നല്‍കിയാണ് കടകളില്‍ നിന്നും അധ്യാപകര്‍ സാധനമെത്തിക്കുന്നത്. കൂടാതെ ഗതാഗത സംവിധാനവും സംഘടിപ്പിക്കേണ്ടത് പ്രധാന അധ്യാപകരാണ്. ലഭിക്കുന്ന ശമ്പളത്തെക്കാള്‍ വലിയ തുക ഉച്ച ഭക്ഷണ പദ്ധതിക്കായി ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഇവര്‍ക്കുള്ളത്. പലരും ലക്ഷങ്ങള്‍ കടമെടുത്താണ് പലരുടെയും കടങ്ങള്‍ വീട്ടുന്നത്. പ്രഥമാധ്യാപകരായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് കടക്കാരെ പേടിച്ച് നാണം കെട്ടു ജീവിക്കേണ്ട അവസ്ഥയും പല അധ്യാപകര്‍ക്കുമുണ്ട്. അതോടൊപ്പം പാചക തൊഴിലാളികള്‍ക്കുള്ള ശമ്പളവും മൂന്നു മാസമായി വിതരണം ചെയ്തിട്ടില്ല.നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് തികയുന്നില്ല എന്ന ആക്ഷേപത്തിനിടയിലാണ് ഇടിത്തീ പോലെ മൂന്നു മാസ കുടിശിക കൂടി വന്നു പെട്ടിരിക്കുന്നത്. 150 കുട്ടികള്‍ വരെയുള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് എട്ട് രൂപ വീതവും 150 ല്‍ മീതെ 500 വരെയുള്ള കുട്ടികളുള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് ഏഴ് രൂപ വീതവും. 500 ന് മുകളിലുള്ള കുട്ടികള്‍ക്ക് ആറു രൂപയുമാണ് ലഭിക്കുന്നത്. 2016 സെപ്തംബറില്‍ നിശ്ചയിച്ച തുകയാണ് ഏഴു വര്‍ഷം പിന്നിട്ടിട്ടും നല്‍കി കൊണ്ടിരിക്കുന്നത്. അടിക്കടി വില വര്‍ധന വന്നിട്ടും തുക ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിലും പ്രതിഷേധം ശക്തമാണ്. ഉച്ചഭക്ഷണ പദ്ധതി കുറ്റമറ്റതാക്കാനും കാര്യക്ഷമമാക്കാനും ചുരുങ്ങിയത് ഒരു കുട്ടിക്ക് ഇരുപത് രൂപയായി ഉയര്‍ത്തണമെന്ന് പല കുറി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ചെവികൊള്ളുന്നില്ല എന്നതാണ് അധ്യാപകര്‍ പറയുന്നത്.