തിരുവനന്തപുരം ∙ സോളർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിനു പിന്നാലെ കെ.ബി.ഗണേഷ്കുമാർ എംഎൽഎയ്‌ക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.
കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ടെന്നും ആ റോൾ അതിലുപരി ജീവിതത്തിൽ പകർന്നാടിയിട്ടുണ്ടെന്നും രാഹുൽ വിമർശിച്ചു. സിബിഐ റിപ്പോർട്ടിൽ ഗണേഷ്കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവരെപ്പറ്റി പരമാർശമുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂർണരൂപം:
കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയനോടായാലും.
നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അദ്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതം.
ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎൽഎ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും.
പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല. ‘എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളതുകൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.