പുതിയ കാറിനും പതിവ് ഇഷ്ട നമ്പർ സ്വന്തമാക്കി മമ്മൂട്ടി

കൊച്ചി: ഓൺലൈൻ ആയി നടന്ന ലേലത്തിലൂടെ പുതിയ കാറിന് തന്റെ പതിവ് ഇഷ്ടനമ്പര്‍ നേടിയെടുത്ത് മെഗാ സ്റ്റാർ . കെ.എല്‍. 07 ഡി.സി. 369 എന്ന നമ്പറാണ് പുതിയ മോഡല്‍ ബെന്‍സിന് മമ്മുട്ടി സ്വന്തമാക്കിയത്.എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലൂടെയാണ് പതിവു നമ്പറായ 369 മമ്മൂട്ടി സ്വന്തമാക്കിയത്.

ഫാന്‍സി നമ്പറായ കെ.എല്‍. 07 ഡി.സി. 369 നമ്പര്‍ മമ്മൂട്ടി കമ്പനി കഴിഞ്ഞ ദിവസം ബുക്ക് ചെയ്തിരുന്നു. ഈ നമ്പറിനായി മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തിയതോടെ ലേലത്തില്‍ വെച്ചു. ഒടുവില്‍ 1.31 ലക്ഷം രൂപയ്ക്ക് താരം നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.


5,000 രൂപ മാത്രം അടിസ്ഥാന വിലയിട്ടിരുന്ന 369 എന്ന നമ്പര്‍ മമ്മൂട്ടി ചേര്‍ത്തു പിടിച്ചതോടെയാണ് താരമൂല്യമുയര്‍ന്ന് ബ്രാന്‍ഡ് നമ്പറായി മാറിയത്. ഈ നമ്പറിന് മമ്മൂട്ടിയുടെ പേരു വന്നതോടെയാണ് ആവശ്യക്കാര്‍ കൂടിയത്.മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഗ്യാരേജിലെ പല വാഹനങ്ങള്‍ക്കും 369 എന്ന നമ്പറാണ് അവര്‍ സ്വന്തമാക്കിയിട്ടുള്ളത്. മെഴ്‌സിഡീസ് മെയ്ബ ജി.എല്‍.എസ് 600, ജി വാഗണ്‍, ബെന്‍സ് വി ക്ലാസ്, എസ് ക്ലാസ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, ഫോക്‌സ്‌വാഗണ്‍ പോളോ ജി.ടി.ഐ തുടങ്ങി കാരവാനുകള്‍ വരെ 369 നമ്പറില്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.