ഏഷ്യാ കപ്പ് ആവേശപ്പോരില്‍ ലങ്ക ചാടി ഇന്ത്യ ഫൈനലിൽ; ശ്രീലങ്കയെ കറക്കിയിട്ട് ജഡേജയും കുല്‍ദീപും

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി.നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. സ്കോര്‍ ഇന്ത്യ 49.1 ഓവറില്‍ 213ന് ഓള്‍ ഔട്ട്, ശ്രീലങ്ക 41.3 ഓവറില്‍ 172ന് ഓള്‍ ഔട്ട്.ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ തുടക്കത്തിലെ തകര്‍ച്ചയിക്ക് തള്ളിവിട്ട് ബുമ്രയും സിറാജും ചേര്‍ന്ന് പ്രതിരോധത്തിലാക്കിയിരുന്നു. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച ബുമ്ര പിന്നാലെ സ്ലോ ബോളില്‍ കുശാല്‍ മെന്‍ഡിസിനെ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിിച്ച് ലങ്കക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.ഇതിന് പിന്നാലെ ദിമുത് കരുണരത്നെയെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും ആഞ്ഞടിച്ചതോടെ ലങ്ക 25-3ലേക്ക് കൂപ്പുകുത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(53), ഇഷാന്‍ കിഷന്‍(31), കെ എല്‍ രാഹുല്‍(39) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 186 റണ്‍സിന് ഓമ്പതാം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് അവസാന വിക്കറ്റില്‍ അക്സര്‍ പട്ടേലും(26) മുഹമ്മദ് സിറാജും(5*) ചേര്‍ന്ന് 27 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായി