വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം ഉയർത്തിയതില്‍ പ്രതിഷേധവുമായി ബസ് ഉടമകൾ

പാലക്കാട്: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം 18 വയസ്സാക്കി കുറയ്ക്കണമെന്നും രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കാൻ തയ്യാറാകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.

ബസുകളിൽ വിദ്യാ‍ർഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ​ഗവേഷണ വിദ്യാർഥികളെ കൂടി പരി​ഗണിച്ചാണ് കൺസെഷൻ പ്രായം ഉയർത്തിയത് എന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിലെ കൺ‌സെഷൻ പ്രായം ​ഗവേഷകവിദ്യാർഥികൾക്ക് പ്രായോ​ഗികമല്ല എന്നു കാണിച്ച് എസ്എഫ്ഐ ​ഗതാ​ഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു.

സീറ്റ്‌ ബെൽറ്റ് സ്ഥാപിക്കണമെന്ന നിർദേശത്തോടും ബസ് ഉടമകൾ വിയോജിപ്പ് അറിയിച്ചു. ബസ്സുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കണമെന്ന നിബന്ധന അധിക ചിലവ് വരുത്തി വെക്കുമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. 30,000 രൂപ അധികമായി ചെലവാകും ഇനി നിൽക്കുന്ന ആൾക്ക് കൂടി സീറ്റ്‌ ബെൽറ്റ്‌ ആവശ്യപ്പെട്ടേക്കും. സ്വകാര്യ ബസ് ഉടമകളെ നട്ടം തിരിക്കുന്ന നടപടികളാണ് സർക്കാരും ഗതാഗത വകുപ്പും സ്വീകരിക്കുന്നത് എന്ന് ബസ് ഉടമകൾ ആരോപിച്ചു. ഡ്രൈവർക്കും മുന്നിൽ ഇരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനാണ് തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ചുള്ള സർക്കുലർ ഇനിയും ലഭിച്ചിട്ടില്ല.