കാല്‍പന്താവേശത്തിന് മണിക്കൂറുകള്‍ക്കകം കിക്കോഫ്; കണക്കുകള്‍ തീര്‍ക്കാന്‍ കൊമ്പന്മാര്‍

കൊച്ചി: കേരളക്കരയുടെ പ്രതീക്ഷകള്‍ ഒന്നാകെ നിറവേറ്റാന്‍ മഞ്ഞപ്പടയുടെ കൊമ്പന്മാര്‍ ഇന്നിറങ്ങും. ഐഎസ്എല്‍ പത്താം സീസണിന് കിക്കോഫ് വിസില്‍ മുഴങ്ങുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളുടെ സ്വപ്‌നങ്ങളെല്ലാം കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലേക്ക് ചുരുങ്ങും. രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചിരവൈരികളായ ബെംഗളൂരു എഫ്‌സിയെ നേരിടും. ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ആവേശകരമായ സതേണ്‍ ഡെര്‍ബി പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് കുറച്ച് കണക്കുകള്‍ തീര്‍ക്കാനുണ്ട്.

2022-23ലെ ഐഎസ്എല്‍ സീസണില്‍ ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തില്‍ വിവാദമായ ഗോളിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ കോച്ച് ഇവാന്‍ വുകോമനോവിച്ച് കളിക്കളത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. അധിക സമയത്ത് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളില്‍ പ്രതിഷേധിച്ചാണ് മത്സരം പാതിവഴിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നത്. ഇതേ തുടര്‍ന്ന് ടീമിന് പിഴയും ഹെഡ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന് പത്തുമത്സരങ്ങളില്‍ നിന്ന് വിലക്കും ലഭിക്കുകയുണ്ടായിരുന്നു. സസ്‌പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് ഇവാന്‍ വുകോമനോവിച്ചിന് ആദ്യ നാല് മത്സരങ്ങളില്‍ ഡഗ്ഗൗട്ടില്‍ ഇരിക്കാനാവില്ല.

ഐഎസ്എല്ലിന്റെ പത്താം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഉറുഗ്വേയ്ന്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ നയിക്കുന്ന ടീമില്‍ 29 താരങ്ങളാണുള്ളത്. ഇതില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. നായകന്‍ അഡ്രിയാന്‍ ലൂണയിലും ഗോള്‍ മെഷീനായ ദിമിത്രിയോസ് ഡയമന്റകോസിലും വിശ്വാസമര്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും ഇറങ്ങുന്നത്. രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നിങ്ങനെ ആറ് മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്സിലുള്ളത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോഷ് ഡ്രിങ്‌സിക്, ക്വാമെ പെപ്ര, ഡെയ്‌സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും സ്‌ക്വാഡിലുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനാല്‍ രാഹുല്‍ കെപിയും ബ്രൈസ് മിറാന്‍ഡയുമില്ലാതെയാകും ഇന്ന് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ ഇറങ്ങുക. ഏഷ്യന്‍ ഗെയിംസിനെ തുടര്‍ന്ന് നായകന്‍ സുനില്‍ ഛേത്രിയില്ലാതെയാണ് ബെംഗളൂരു ബദ്ധശത്രുക്കളുടെ തട്ടകത്തിലെത്തുന്നത്.