വീണ്ടും ലോൺ ആപ്പ് ആത്മഹത്യ? ഭാര്യയുടെയും മക്കളുടെയും ഫോണിലേക്ക് മോർഫ് ചെയ്ത ഫോട്ടോ അയച്ചെന്ന് സഹോദരൻ

വയനാട്: വയനാട് അരിമുളയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അജയ് രാജ് ലോൺ ആപ്പിൽ നിന്ന് ഭീഷണി നേരിട്ടതായി സഹോദരൻ.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വന്നിരുന്നു. ഇതിൽ മനംനൊന്താകാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മീനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിക്ക് മുമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. അരിമുള ചിറകോണത്ത് വീട്ടിൽ അജയ് രാജിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ലോട്ടറി വില്പനക്കാരനായിരുന്നു. വിൽപ്പനയ്ക്ക് ടിക്കറ്റ് എടുക്കാൻ കൽപ്പറ്റയിലേക്ക് ഇന്നലെ രാവിലെ കൽപ്പറ്റയിലേക്ക് പോയതാണ്. എന്നാൽ അരി മുള എസ്റ്റേറ്റിന് സമീപത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോണിൽ വിളിച്ചപ്പോൾ കിട്ടിയുമില്ല. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിൽ തുങ്ങിമരിച്ച നിലയിൽ കണ്ടത്തി. വിവരം അറിഞ്ഞവരെല്ലാം അമ്പരുന്നു. പക്ഷേ, സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവരുടെ ഫോണിലേക്ക് അഞ്ജാത നമ്പറിൽ നിന്ന് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ എത്തിയതോടെ, ദുരൂഹതയേറി. പിന്നാലെയാണ് ഓൺലൈൻ ആപ്പുകളുടെ ഭീഷണി നേരിട്ട വിവരം വ്യക്തമായാത്. ഭാര്യയുടേയും മക്കളുടെയും അടക്കമുള്ള ബന്ധുക്കളുടെ ഫോണിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്നിരുന്നെന്ന് അജയ് രാജിന്റെ സഹോദരൻ ജയരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അജയ് ലോൺ ആപ്പിൽ നിന്ന് കടം എടുത്തിരുന്നുവെന്നും പണം തിരിച്ചു അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കളും പറയുന്നു. 3747 രൂപയാണ് സെപ്തംബർ ഒമ്പതിന് അജയ് രാജ് ക്യാൻഡി ക്യാഷ് എന്ന ആപ്പിൽ നിന്ന് കടമെടുത്തത്. ഇദ്ദേഹം സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. അജയ് രാജിൻ്റെ ഫോൺ പൊലീസ് വിശദ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തൽ, ഐടി വകുപ്പുകൾ ചേർത്താണ് കേസ് അന്വേഷണം.