കേബിൾ കഴുത്തിൽ കുടുങ്ങി അപകടം; സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

കൊച്ചി: കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. എറണാകുളം-കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.15 ഓടെയായിരുന്നു സംഭവം. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ കലൂർ കറുകപ്പിള്ളി സ്വദേശി മുഹമ്മദ്‌ ഇർഫാന്റെ (20) ഇടുപ്പെല്ലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇർഫാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

പിതാവിന്റെ ചിക്കൻ കടയിൽ നിന്ന് ഹോട്ടലുകളിൽ ചിക്കൻ വിതരണം ചെയ്ത് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിന് തൊട്ടു മുൻപ് ഇതിലൂടെ പോയ കോൺക്രീറ്റ് മിക്സ്‌ച്ചർ ലോറി തട്ടിയാണ് കേബിൾ പൊട്ടി വീണത്. കേബിൾ കഴുത്തിൽ കുടുങ്ങിയതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു.

അലക്ഷ്യമായി കിടന്ന കേബിൾ കുടുങ്ങി തെറിച്ചു വീണാണ് ഇർഫാന് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്നാണ് ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോഡിന് കുറുകെ ജിയോ കമ്പനിയുടെ കേബിൾ അലക്ഷ്യമായി കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് ബന്ധുക്കൾ പരാതി നൽകി. ഇർഫാന്റെ കുടുംബത്തിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തു.