കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ആൾ സുരക്ഷാ ജീവനക്കാരനെ മർദിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. പനിയെന്ന് പറഞ്ഞാണ് ഇയാൾ ചികിത്സയ്ക്കെത്തിയത്.

ഒ.പി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ ജിജോ കെ ബേബി ചികിത്സയിലാണ്. കൊട്ടാരക്കര പൊലീസ് പ്രതി സാബുവിനെ അറസ്റ്റ് ചെയ്തു. അക്രമി മാനസിക വൈകല്യമുള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം.