ഓൺലൈൻ വായ്പ ആപ്പ് ഭീഷണി; ഐപി അഡ്രസ് കണ്ടെത്താൻ മെറ്റയെ സമീപിക്കാനൊരുങ്ങി പൊലീസ്

വയനാട്: ഓൺലൈൻ ലോൺ വായ്പ ആപ്പ് ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ അരിമുള സ്വദേശി അജയ് രാജ് ക്യാൻഡി ക്യാഷ് ആപ്പിന് പുറമെ മറ്റു വായ്പ ആപ്പുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയം. അജയ് രാജിന് വന്നതെല്ലാം ഇന്റർനെറ്റ്‌ കോളുകളാണ്. സന്ദേശം വന്ന വാട്സ്ആപ്പ് നമ്പറുകൾ ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്താൻ മെറ്റയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.കാൻഡി ക്യാഷ് ആപ്പിന്റെ പേരിൽ മീനങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. വാട്സാപ്പിൽ മെസ്സേജ് അയച്ച നമ്പറുകൾ ഓൺലൈൻ ആപ്പുകളുടെ സഹായത്തോടെയാണ് നിർമ്മിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മോർഫ് ചെയ്ത് ചിത്രങ്ങൾ അയച്ച നമ്പറിൽ അജയ് രാജ് മരിച്ച കാര്യം അറിയിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള ഇമോജിയാണ് മറുപടി വന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.തട്ടിപ്പുകാർ ഉപയോഗിച്ച ഐപി അഡ്രസ് കണ്ടെത്താനാണ് നീക്കം. ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായുള്ള വിവരങ്ങൾക്കായി സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ആത്മഹത്യാപ്രേരണാ ഭീഷണി, ഐടി ആക്ട് വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് ഫയൽ കോടതിയിൽ ഹാജരാക്കും.ലോണ്‍ ആപ്പില്‍ നിന്ന് അജയ് രാജ് 5000 രൂപ ലോണ്‍ എടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ വൈകിയതിന് പിന്നാലെ ഇയാള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തുടർന്നാണ് അജയ് രാജ് ജീവനൊടുക്കിയത്. നേരത്തേ ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ വേട്ടയാടിയതിനെ തുടര്‍ന്ന് കടമക്കുടിയിലെ കുടുംബം ആത്മഹത്യ ചെയ്തിരുന്നു. ഇവരുടെ മരണശേഷവും മരിച്ച നിജോയുടെ ഭാര്യ ശില്പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഫോണുകളില്‍ എത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.