താനൂര്‍ കസ്റ്റഡി കൊലപാതകക്കേസ് സി.ബി.ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതക കേസിൻ്റെ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളില്‍ കേസന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ക്രൈം ബ്രാഞ്ചാണ് കേസന്വേഷണം നടത്തുന്നത്. കേസ് ഡയറിയും മറ്റ് രേഖകളും ഉടന്‍ തന്നെ സിബിഐക്ക് കൈമാറാന്‍ ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കേസ് അന്വേഷണത്തിന് സിബിഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശമുണ്ട്. കസ്റ്റഡി കൊലപാതകം ഗുരുതര സ്വഭാവമുള്ള കേസാണെന്നും അത്തരം കേസുകള്‍ സിബിഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡിലെ അംഗങ്ങള്‍ പ്രതികളായ കേസില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും താനൂര്‍ ഡിവൈഎസ്‌പിക്കും താനൂര്‍ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.