രണ്ട് മാസത്തെ വാട്ടര്‍ ബില്ല് കാൽ ലക്ഷത്തോളം രൂപ; ഞെട്ടൽ മാറാതെ ഷംസീറും കുടുംബവും

മലപ്പുറം: വാട്ടർ അതോറിറ്റിയുടെ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് മലപ്പുറം നിലമ്പൂർ സ്വദേശി ഷംസീറും കുടുംബവും. രണ്ട് മാസത്തെ ഉപയോഗത്തിന് കാൽ ലക്ഷത്തോളം രൂപ അടയ്ക്കണമെന്നാണ് ബില്ലിലുള്ളത്. എന്നാൽ ഇത് വാട്ടർ അതോറിറ്റിയുടെ പ്രതികാര നടപടി ആണെന്നാണ് ഷംസീറിൻ്റെ ആരോപണം.

24,493.7 രൂപയുടെ ബില്ലാണ് ജല അതോറിറ്റിയിൽ നിന്നും ലഭിച്ചത്. ബില്ല് കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ അന്ധാളിച്ചിരിക്കുകയാണ് കൂലിപ്പണിക്കാരനായ ഷംസീർ. മൂന്നു മുതിർന്നവരും നാല് കുട്ടികളുമടങ്ങുന്ന ഒരു ചെറു കുടുംബമാണ് ഷംസീറിൻ്റേത്. ഇവർ 272000 ലിറ്റർ ഉപയോഗിച്ചുവെന്നാണ് ബില്ലിലെ കണക്ക്.

മൂന്ന് മാസം മുൻപാണ് പഴയ മീറ്റർ മാറ്റി പുതിയത് സ്ഥാപിച്ചത്. അതിന് മുൻപുള്ള എല്ലാ ബില്ലുകളും അടച്ചിരുന്നു. പുതിയ കണക്ഷനുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി ജീവനക്കാരുമായി വാക്ക് തർക്കമുണ്ടായിരുന്നു. അതിന്റെ പ്രതികാരമാണ് ഈ അതിശയിപ്പിക്കുന്ന ബില്ലെന്നാണ് ഷംസീറിന്റെ ആരോപണം.