ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നദിക്കരയുടെ തീരത്തെ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കടയ്ക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.
മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രക്കടവിന് സമീപത്തെ റബർ പുരയിടത്തിലാണ് ആലങ്കോട് മണ്ണൂർ ഭാഗം ചെരുവിള വീട്ടിൽ സുജി എന്ന 34കാരന്റെ മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് മലർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ വെട്ടേറ്റത്തിന്റെയും മർദ്ദനമേറ്റത്തിന്റെയും പാടുകളുള്ളതായി കണ്ടതിനാൽ യുവാവിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള കടയ്ക്കവർ പോലീസിന്റെ അന്വേഷണത്തിൽ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നതായി അറിയുന്നു.
ഇന്ന് രാവിലെ 8 മണിയോടെ വാമനപുരം നദിയോട് ചേർന്ന് ശങ്കരമംഗലം ക്ഷേത്രക്കടവിലെ പുരയിടത്തിൽ തേങ്ങഇടനായി എത്തിയ നാട്ടുകാരനാണ് മൃതദേഹം ആദ്യമായി കണ്ടത്. ഇദ്ദേഹം അറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്ത് എത്തുകയും പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും മരണപ്പെട്ട സുജിയുടെതെന്ന് കരുതുന്ന വസ്ത്രങ്ങളും, ചെരുപ്പുകളും ലഭിച്ചിട്ടുണ്ട്. അതേസമയം മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സുജി നിരവധി കേസുകളിലെ പ്രതിയാണെന്നും, ഇയാൾക്കെതിരെ പല പോലീസ് സ്റ്റേഷനുകളും കേസുകൾ ഉണ്ടെന്നും അറിയുന്നു.