ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും വിദ്യാർഥിയായ മകനും അറസ്റ്റിൽ.

ഇടുക്കി : ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും വിദ്യാർഥിയായ മകനും അറസ്റ്റിൽ. വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവരെ പൊലീസ് പിടികൂടിയത്. 16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടിൽക്കയറി അബ്ബാസിനെ വെട്ടിയത്. ക്വട്ടേഷൻ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

അബ്ബാസും അഷീറയും തമ്മിൽ കലഹം പതിവായതോടെ അഷീറയും മകനും അടുത്തയിടെ എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയി. അബ്ബാസ് ഉപദ്രവിക്കാറുണ്ടെന്ന് അഷീറ അയൽവാസിയായ ഷമീറിനെ അറിയിച്ചു.
തുടർന്ന് അബ്ബാസിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നു പൊലീസ് പറഞ്ഞു.


16നു രാത്രി കാറിലെത്തിയ സംഘത്തോടൊപ്പം വള്ളക്കടവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിന്നിലെ വാതിൽ പുറത്തുനിന്ന് തുറന്നുകൊടുത്തു. തുടർന്ന് ഷമീറും സംഘവും അബ്ബാസിനെ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിചരിക്കാൻ ഭാര്യയും മകനു എത്തിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.