സെൻസർ ബോർഡ് അംഗമായി പ്രമുഖ സംഗീത സംവിധായകൻ പാർത്ഥസാരഥി കരുണാകരൻ

 സിനിമ രംഗത്തെ ഏറ്റവും വലിയ ഔദ്യോഗിക സംവിധാനമായ കേന്ദ്ര സെൻസർ ബോർഡ് അംഗമായി പ്രമുഖ സംഗീത സംവിധായകൻ പാർത്ഥസാരഥി കരുണാകരൻ നിയമിതനാകുമ്പോൾ,
 അത് ആറ്റിങ്ങലിനും ആറ്റിങ്ങലുകാർക്കും കിട്ടുന്ന അംഗീകാരം കൂടിയാകുന്നു.

 ആറ്റിങ്ങൽ ആലംകോട് തെഞ്ചേരിക്കോണം വൃന്ദാവനിൽ പാർത്ഥസാരഥി കരുണാകരൻ അടുത്ത മൂന്നു വർഷക്കാലം മലയാള സിനിമയുടെ അതിർവരമ്പുകൾ നിശ്ചയിക്കാനുണ്ടാകും.

 പ്രേംനസീറിന്റെയും, ജികെ പിള്ളയുടെയും, ഭരത് ഗോപിയുടെയും, കെപി ബ്രഹ്മാനന്ദന്റെയും, ശോഭന പരമേശ്വരൻനായരുടെയും, ഒക്കെ നാട്ടിൽ നിന്നും ഒരാൾ ആദ്യമായി സിനിമ സെൻസർ ബോർഡിൽ ഇടം നേടുമ്പോൾ അതൊരു വലിയ അംഗീകാരം തന്നെയാണ് ഈ നാടിന്.

 കടയ്ക്കാവൂർ നിലയ്ക്കാമുക്ക് ഗാന്ധി മുക്ക് സ്വദേശിയായ വി കരുണാകരന്റെയും സ്കൂൾ അധ്യാപികയായിരുന്ന ആനന്ദവല്ലിയുടെയും മകൻ പാർത്ഥസാരഥിക്ക് സംഗീതം ഈശ്വര നിയോഗമായിരുന്നു.

 തിരുവനന്തപുരം സംഗീത കോളേജിൽ ഗാനഭൂഷണം ഗാനപ്രവീണ കോഴ്സുകൾ പാസായ ശേഷം ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ സർക്കാർ സ്കൂൾ സംഗീത അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പാർത്ഥസാരഥി നാവായിക്കുളം സർക്കാർ ഹൈസ്കൂളിൽ നിന്നാണ് വിരമിച്ചത്.
 ആകാശവാണിയിൽ 
ലളിതസംഗീതം ശാസ്ത്രീയസംഗീതം സംഗീത സംവിധാനം എന്നിവയിൽ ഗ്രേഡ് ആർട്ടിസ്റ്റ് ആണ് അദ്ദേഹം ഇപ്പോഴും.

 മാവേലിക്കര കൃഷ്ണൻകുട്ടിനായരുടെ മൃദംഗത്തിലും, പ്രൊഫസർ സുബ്രഹ്മണ്യശർമയുടെ പക്കമേളത്തിലും നന്നേ ചെറുപ്പത്തിൽ തന്നെ നിരവധി തവണ സംഗീത കച്ചേരികൾ നടത്താൻ പാർത്ഥസാരഥിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

 ജയചന്ദ്രൻ, ചിത്ര, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, അരുന്ധതി, ജാസിഗിഫ്റ്റ്, ഗായത്രി, സുദീപ് തുടങ്ങിയ പ്രഗൽഭർക്കായി സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

 സ്വദേശത്തും വിദേശത്തുമായി ആയിരത്തിലേറെ വേദികളിൽ സംഗീതക്കച്ചേരി, ഗാനമേള, ഇവന്റുകൾ എന്നിവ
നടത്താൻ കഴിഞ്ഞു.

നൂറിൽപരം ഓഡിയോ ആൽബങ്ങളിൽ പാടുകയും സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തു.
 ഇരുപതോളം പ്രൊഫഷണൽ നാടകങ്ങൾക്ക് സംഗീത സംവിധാനമൊരുക്കി.

നിരവധി വീഡിയോ ആൽബങ്ങൾ, ഹോം സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു.

 സൗമ്യതയും എളിമയും മുഖമുദ്രയായ പാർത്ഥസാരഥി ആലംകോടിനടുത്ത് തെഞ്ചേരികോണമെന്ന പച്ചയായ ഗ്രാമപ്രദേശത്തെ വൃന്ദാവനിലാണ് താമസം.
 അധ്യാപികയായ നീൽകാജലാണ് വീട്ടുകാരി.
 മക്കളിൽ ഒന്നാമനായ ഗോപികൃഷ്ണൻ ചെന്നൈയിലെ എ ആർ റഹ്മാൻ മ്യൂസിക് കോളേജിൽ നിന്നും ബിരുദമെടുത്തശേഷം മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്നു.
 ഇളയ മകൾ മീനാക്ഷി എംബിഎ കഴിഞ്ഞ് യുകെയിൽ ജോലി ചെയ്യുന്നു.

 7 സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ച പാർത്ഥസാരഥി കരുണാകരൻ എല്ലാ അർത്ഥത്തിലും മലയാള സിനിമയുടെ ഭാഗംതന്നെയാണ്.

 ശങ്കരാഭരണം പോലെ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള, കലാമൂല്യമുള്ള ഒരു ചലച്ചിത്രം സംവിധാനം ചെയ്യണമെന്ന മോഹം സാക്ഷാത്കരിക്കാനുള്ള തീരുമാനത്തിനും ശ്രമങ്ങൾക്കുമിടയിലാണ്, കേന്ദ്ര സിനിമ സെൻസർ ബോർഡ് അംഗം എന്ന മികച്ച അംഗീകാരം,
 കൂട്ടുകാർക്കും നാട്ടുകാർക്കും പാർത്ഥനായ, പാർത്ഥസാരഥി കരുണാകരനെ തേടിയെത്തിയിരിക്കുന്നത്.

 Tnx srevalsaannan