തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖർ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തത് തന്നെയാണ് പ്രകോപന കാരണം എന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ആദിശേഖറിനെ പ്രതി വഴക്ക് പറഞ്ഞിരുന്നു. ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നു. എങ്കിലും അപകടം എന്ന് തന്നെയാണ് കരുതിയിരുന്നത്. സിസിടിവി ദൃശ്യം കണ്ടപ്പോഴാണ് മനപൂർവ്വം ചെയ്തതെന്ന് മനസ്സിലായതെന്നും ആദിശേഖറിന്റെ ബന്ധു ബാബു പറഞ്ഞു. കഴിഞ്ഞ 31നാണ് ആദിശേഖർ വാഹനമിടിച്ച് മരിച്ചത്. സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്. പ്രതി പ്രിയരഞ്ജൻ ഒളിവിലാണ്.കഴിഞ്ഞമാസം 31നായിരുന്നു തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരൻ ആദിശേഖർ കാർ ഇടിച്ച് മരിച്ചത്. അപകടം എന്നായിരുന്നു ആദ്യം കരുതിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംശയം ബലപ്പെട്ടത്. പുളിങ്കോട് ക്ഷേത്രത്തിനു സമീപം 20 മിനിറ്റിലധികം പ്രതി പ്രിയരഞ്ജൻ വാഹനം നിർത്തിയിട്ടു. ആദിശേഖർ സുഹൃത്തുക്കളുമൊത്ത് സ്ഥലത്തെത്തും വരെ കാത്തു നിന്നു. പിന്നീട് കുട്ടി സൈക്കിളിൽ മുന്നോട്ടു പോകുന്നതിനിടെയാണ് കാർ മുന്നോട്ട് എടുത്ത് ആദിശേഖറിനെ അപകടത്തിൽപ്പെടുത്തിയത്.