പിണറായി വിജയന് അച്ഛന്റെ സ്ഥാനം; പ്രസംഗിക്കുമ്പോള്‍ എഴുന്നേറ്റത് ആദരം കൊണ്ട്': ഭീമന്‍ രഘു

തിരുവനന്തപുരം: മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായിട്ടാണ് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നതെന്ന് നടന്‍ ഭീമന്‍ രഘു. അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.

'അദ്ദേഹം ഏത് പ്രോഗ്രാമിന് വന്നാലും അദ്ദേഹം എവിടെയുണ്ടെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും ഫ്രണ്ട് സീറ്റിലാണെങ്കിലും എഴുന്നേറ്റ് നില്‍ക്കും. കാരണം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എനിക്ക് എന്റെ അച്ഛന്‍ കള്‍ച്ചര്‍, അതായത് അച്ഛന്‍ എന്റെ കുടുംബം നോക്കിയതും ഞാന്‍ വളര്‍ന്നുവന്ന രീതിയുമായിട്ടുമെല്ലാം താരതമ്യം തോന്നും.' ഭീമന്‍ രഘു പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് അവസാനിക്കുന്നത് വരെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഭീമന്‍ രഘു ഒരേ നില്‍പ്പ് നില്‍ക്കുകയായിരുന്നു. സംഭവം പലരും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു