അമരാവതി: തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. എപി സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാല്‍ പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാല്‍ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘമെത്തുന്നത്. ആര്‍കെ ഫംഗ്ഷന്‍ ഹാളില്‍ സംഘം എത്തുമ്പോള്‍ ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ വന്‍തോതില്‍ ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിയെങ്കിലും ഇതിനെ മറികടന്ന് പൊലീസ് നീങ്ങുകയായിരുന്നു. ഒടുവില്‍ ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് സംബന്ധിച്ച നോട്ടീസും ചന്ദ്രബാബുവിന് കൈമാറി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.