ഇടവ കാപ്പിൽ എച്ച്. എസിന് സമീപം ഹരിദാസ് ഭവനിൽ ഷിബു (47)വിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 28 ന് രാത്രി 12.30 യോടെയാണ് സംഭവം. ഇളയമകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ ഷിബു കട്ടിലിൽ നിന്നും വലിച്ചു നിലത്തിട്ടശേഷം മെത്തയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ മൂത്തമകൾ മുറിയിലെത്തുകയും ബലപ്രയോഗത്തിനൊടുവിൽ അമ്മയും മകളും ചേർന്ന് കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു . ബഹളം കേട്ട് ഉണർന്ന ഇളയ മകളെ കൂട്ടി മൂത്തമകൾ മുറിക്ക് പുറത്തേയ്ക്ക് കടന്നപ്പോൾ ഷിബു മുറിയുടെ വാതിൽ കുറ്റിയിട്ട് ബീനയെ മർദ്ധിച്ചു. ബീനയെ കട്ടിലിൽ തള്ളിയിട്ടശേഷം അലമാരയിൽ നിന്നും ചെറിയ കത്രികയെടുത്തു മുതുകിലും നെഞ്ചിലും ഷോൾഡറിലും കുത്തി പരിക്കേൽപ്പിച്ചു.
ബീനയുടെ ദേഹത്തുള്ള 7 ഓളം മുറിവുകൾ ആഴത്തിലുള്ളതാണ്. മക്കൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് സമീപവാസികൾ ഓടികൂടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അയിരൂർ പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഷിബു മുറി തുറക്കാൻ തയ്യാറായത്. ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബീന തിരുവനന്തപുരം മെഡിക്കൽ കോളജ് ൽ ചികിത്സയിലാണ്. മൂത്ത മകളുടെ ഇരു കൈ വിരലുകൾക്കും പിടിവലിയിൽ പരിക്കേറ്റു. ഷിബുവിന്റെ ദേഹത്തും പരിക്കുകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
ഗാർഹിക പീഡനത്തെ തുടർന്ന് കോടതിയിൽ പരാതി നൽകി പ്രൊട്ടക്ഷൻ ഓർഡർ കാരസ്ഥമാക്കുന്നതിന് ബീന ശ്രമിച്ചതാണ് അക്രമിക്കാൻ കാരണമെന്ന് ഷിബു പൊലീസിന് മൊഴി നൽകി.അയിരൂർ എസ് എയുടെ നിർദ്ദേശാനുസരണം സബ്ഇൻസ്പെക്ടർ ഷമീർ ബിനു ജയൻ പ്രസന്നകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.