കുറുമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍

അങ്കമാലി കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മകന്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. 

പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജന്റിനു കൈമാറിയെങ്കിലും ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കടബാധ്യത വന്നിരുന്നു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ ശല്യം ചെയ്യാനും, വീട്ടിൽ കുത്തിയിരിക്കാനും തുടങ്ങി.