ആക്കുളത്തും ചില്ലുപാലമേറാം " ചിൽ " ആകാം

കോടമഞ്ഞേറ്റ്‌ ഉയരക്കാഴ്‌ചകളിൽ മനംമറന്ന്‌ ചില്ലുപാലമേറാം, വാഗമണ്ണിലും വയനാടുമൊന്നും പോകേണ്ട–- ആക്കുളത്തേക്ക്‌ വരൂ. 50 ദിവസത്തിനകം ചില്ലുപാലം തയ്യാറാകുകയാണ്‌ ആക്കുളത്തെ ടൂറിസ്റ്റ്‌ വില്ലേജിൽ.
നിർമാണം പുരോഗമിക്കുന്ന ചില്ലുപാലം ഒക്‌ടോബർ അവസാനം സന്ദർശകർക്കായി തുറന്നുനൽകും. നഗരപരിധിയിലെ വിനോദസഞ്ചാര കേന്ദ്രത്തിലൊരുങ്ങുന്ന ആദ്യ ചില്ലുപാലമായിരിക്കും ഇത്‌. ടൂറിസ്റ്റ്‌ വില്ലേജിലെ രണ്ടാംഘട്ട വിനോദ പദ്ധതികളുടെ ഭാഗമായാണ്‌ പുതിയ വിസ്‌മയങ്ങൾ ഒരുങ്ങുന്നത്‌. 70 അടി ഉയരത്തിൽ 36 മീറ്റർ നിളത്തിലാണ്‌ പാലം. രണ്ടാൾ വീതിയിൽ 20 പേർക്ക്‌ വരെ ഒരേസമയം കയറാനാകും. പാലത്തിന്റെ പൈലിങ് പ്രവൃത്തി നടക്കുകയാണ്‌. ഒരാഴ്‌ചയ്‌ക്കകം മറ്റ്‌ പ്രവൃത്തികളും തുടങ്ങും. കൃത്രിമ മഞ്ഞുവീഴ്‌ചയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള മറ്റ്‌ കൗതുകങ്ങളും ഒരുക്കും.
 
ഹിറ്റാണ്‌ ഈ വില്ലേജ്‌

നവീകരണം പൂർത്തിയാക്കി കഴിഞ്ഞ നവംബറിൽ തുറന്നശേഷം വൻ ഹിറ്റായിരിക്കുകയാണ്‌ ആക്കുളം ടൂറിസ്റ്റ്‌ വില്ലേജ്‌. 2.5 ലക്ഷത്തോളം പേരാണ്‌ ആഗസ്‌ത്‌ വരെ ഇവിടെ എത്തിയത്‌. രണ്ടു കോടി രൂപയോളം വരുമാനമുണ്ടാക്കി. സിപ്‌ലൈൻ, ആകാശ സൈക്കിളിങ്, മുതിർന്നവർക്കും കുട്ടികൾക്കും പെഡൽ ബോട്ട്‌, സ്വിമ്മിങ്പൂൾ, കളിത്തീവണ്ടി, അമ്പെയ്‌ത്ത്‌, ഷൂട്ടിങ്, ക്വാർഡ്‌ ബൈക്കിങ്, മുള ഏണി, ബലൂൺ കാസിൽ എന്നിവയ്‌ക്കും വിവിധ സാഹസിക, ഡിജിറ്റൽ ഗെയിമുകൾക്കും നിറയെ ആരാധകരാണ്‌. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഹൊറർ ഹൗസും ഉടൻ തുടങ്ങും.