ഐസിസി റാങ്കിംഗ്; ശുഭ്മൻ ഗില്ലിന് തകർപ്പൻ മുന്നേറ്റം, മുന്നിൽ ബാബർ അസം മാത്രം

ഐസിസി റാങ്കിംഗിൽ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗിൽ. ഏഷ്യാ കപ്പിലെ പ്രകടന മികവിൽ താരം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 759 റേറ്റിംഗോടെയാണ് ഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 863 ആണ് അസമിൻ്റെ റേറ്റിംഗ്.ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനങ്ങൾ തുണയായപ്പോൾ ഓസീസ് താരം ഡേവിഡ് വാർണറും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 739 റേറ്റിംഗുമായി താരം നാലാമതെത്തി. 745 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ റസ്സി വാൻ ഡർ ഡസ്സൻ മൂന്നാമതുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി ആദ്യ പത്തിലുണ്ട്. 715 റേറ്റിംഗുള്ള വിരാട് കോലി എട്ടാമതും 707 റേറ്റിംഗുള്ള രോഹിത് ശർമ 9ആമതുമാണ്.ബൗളർമാരിൽ, ഏറെക്കാലത്തിനു ശേഷം ഏകദിന മത്സരം കളിച്ച ന്യൂസീലൻഡ് താരം ട്രെൻ്റ് ബോൾട്ട് രണ്ടാം സ്ഥാനത്തെത്തി. ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഒന്നാമത് തുടരുന്നു. കുൽദീപ് യാദവ് (7), മുഹമ്മദ് സിറാജ് (9) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.

അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഫൈനൽ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന ശ്രീലങ്ക – പാകിസ്താൻ മത്സരവിജയികളെയാവും ഇന്ത്യ കലാശപ്പോരിൽ നേരിടുക. ശ്രീലങ്കയെ 41 റൺസിനു കീഴടക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി.