പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ആദിശേഖർ കൊല്ലപ്പെട്ട പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെ റോഡിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തിരുവനന്തപുരം റൂറൽ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്ന് ഇന്നലെ പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിച്ച കാറിന്റെയും ആദിശേഖർ ഓടിച്ചിരുന്ന സൈക്കിളിന്റെയും പരിശോധന മോട്ടോർ വാഹന വകുപ്പ് ഇന്ന് പൂർത്തിയാക്കി. അതേസമയം പ്രതി പ്രിയരഞ്ജന്റെ ഭാര്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുടുംബത്തിനെതിരെ അധിക്ഷേപം നടത്തുന്നതായി ആദിശേഖറിന്റെ കുടുംബം ആരോപിച്ചു.
കഴിഞ്ഞമാസം 30നായിരുന്നു പത്താം ക്ലാസുകാരനായ ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ആരോപണത്തിന് ബലം നൽകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നാളെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലുമെന്ന് പോലീസ് വ്യക്തമാക്കി