വീണ്ടും പറന്നു പൊങ്ങി, ഒരിക്കല്‍ കൂടി വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്; പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായും ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

ചാന്ദ്ര രഹസ്യങ്ങള്‍ തേടുന്ന പ്രഗ്യാന്‍ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കിയത് വിക്രം ലാന്‍ഡറാണ്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെട്ട്ചന്ദ്രോപരിതലത്തില്‍ നടത്തിയ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പറന്നു പൊങ്ങിയ വിക്രം ലാന്‍ഡര്‍ അല്‍പ്പം മാറി ലാന്‍ഡ് ചെയ്തതായും ഐഎസ്ആര്‍ഒ വിശദീകരിച്ചു.ഭൂമിയിൽ നിന്ന് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് വിക്രം ലാന്‍ഡര്‍ പറന്നു പൊങ്ങിയത്. മുകളിലേക്ക് 40 സെന്റിമീറ്റര്‍ പറന്നു പൊങ്ങിയ ലാന്‍ഡര്‍ 30 മുതല്‍ 40 സെന്റിമീറ്റര്‍ വരെ അകലെയാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതെന്നും ഐഎസ്ആര്‍ഒ കുറിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.ഈ വിജയം ഭാവി പരീക്ഷണങ്ങള്‍ക്കും മനുഷ്യ ദൗത്യങ്ങള്‍ക്കും ആവേശം പകരും. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷണത്തിന് ശേഷം റാംപും ChaSTE, ILSA എന്നി പേലോഡുകളും കൃത്യമായി വിന്യസിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു.