നെടുമങ്ങാട് നഗരസഭയുടെ 2023-2024വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പ്രീമെട്രിക് ഹോസ്റ്റലിനും ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷത്തോടെ നഗരസഭയിലെ 20 അങ്കണവാടികള്‍ കൂടി സ്മാര്‍ട്ടാക്കുമെന്ന് സി. എസ്. ശ്രീജ പറഞ്ഞു. നഗരസഭയിലുള്ള 59 അങ്കണവാടികള്‍ക്കും പ്രീമെട്രിക് ഹോസ്റ്റലിനുമായി മേശ, അലമാര, ഷൂ റാക്ക്, സ്റ്റീല്‍ റാക്ക്, കട്ടില്‍, കസേര എന്നിങ്ങനെ 200 ഓളം ഫര്‍ണീച്ചറുകളാണ് വിതരണം ചെയ്തത്. പദ്ധതി വിഹിതം 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫര്‍ണീച്ചറുകള്‍ വാങ്ങി നല്‍കിയത്. നെടുമങ്ങാട് നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.