മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം; രണ്ട് പേർ മരിച്ചു

തൃശ്ശൂര്‍: പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. ചിറക്കോട് സ്വദേശി ജോജി (40) മകന്‍ ടെണ്ടുല്‍ക്കർ(12) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൊള്ളലേറ്റ കുടുംബം എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ജോജിയുടെ പിതാവായ ജോൺസൺ ആണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന് ശേഷം പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് വിവരം.

വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. മാസങ്ങളായി കുടുംബ വഴക്കുണ്ടായിരുന്നു. നിരന്തരമായി വീട്ടില്‍ നിന്ന് വഴക്കുകേള്‍ക്കാറുണ്ടായിരുന്നു. അയല്‍വാസികളുമായി വലിയ ബന്ധമില്ലാത്തതിനാല്‍ ആരും ഇടപെടാന്‍ പോകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജോണ്‍സണ്‍, ജോജിയും ഭാര്യയും മകനും കിടക്കുന്ന മുറി പുറത്തു നിന്ന് പൂട്ടി. പെട്രോൾ പോലൊരു ദ്രാവകം ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജോൺസൺ മറ്റൊരു മുറിയില്‍ പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയു ചെയ്തു. തീ കണ്ട് അയല്‍വാസികള്‍ ഓടികൂടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ കുടുംബത്തെ എത്തിക്കുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സ്ൻ്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.