കൊളംബൊ: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ പുറത്ത്. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറില്‍ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന്‍ പുറത്തായത്. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ആതിഥേയരുടെ എതിരാളി. കൊളംബോ, പ്രമദാസ സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക അവസാന പന്തില്‍ വിജയലക്ഷ്യം മറികടന്നു. 91 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 47 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചരിത് അസലങ്ക ലങ്കയുടെ വിജയത്തില്‍ നിര്‍ണാക പങ്കുവഹിച്ചു.അവസാന നാല് ഓവറില്‍ 28 റണ്‍സാണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദിയെറിഞ്ഞ 39-ാം ഓവറില്‍ എട്ട് റണ്‍സ് ധനഞ്ജയ ഡി സില്‍വ - അസലങ്ക സഖ്യം എട്ട് റണ്‍സ് നേടി. പിന്നീട് മൂന്ന് ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ്. സമന്‍ ഖാന്‍ എറിഞ്ഞ 40-ാം ഓവറിലും പിറന്നത് എട്ട് റണ്‍. പിന്നീട് രണ്ട് ഓവറില്‍ ജയിക്കാന്‍ 12 റണ്‍. അഫ്രീദിയുടെ മൂന്ന് പന്തില്‍ മൂന്ന് റണ്‍. നാലാം പന്തില്‍ ധനഞ്ജയ (5) പുറത്ത്. തൊട്ടടുത്ത പന്തില്‍. ദുനിത് വെല്ലാലഗെയും (0) മടങ്ങി. അവസാന പന്തില്‍ ഒരു റണ്‍. അവസാന ഓവറില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ എട്ട് റണ്‍. ആദ്യ നാല് പന്ത് വരെ മത്സരം പാകിസ്ഥാന്റെ കയ്യിലായിരുന്നു. രണ്ട് റണ്‍ മാത്രമാണ് ആദ്യ നാല് പന്തില്‍ വന്നത്. പ്രമോദ് മദുഷന്‍ (1) റണ്ണൗട്ടാവുകയും ചെയ്തു. എന്നാല്‍ സമന്‍ ഖാന്റെ അഞ്ചാം പന്ത് അലങ്കയുടെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍. സ്‌ക്വയര്‍ ലെഗ് തട്ടിയിട്ട് അസലങ്ക രണ്ട് റണ്‍ ഓടിയെടുത്തു. ശ്രീലങ്ക ഫൈനലിലേക്ക്. നേരത്തെ, മെന്‍ഡിസിന് പുറമെ സദീര സമരവിക്രമ (48) മികച്ച പ്രകടനംപുറത്തെടുത്തു. പതും നിസ്സങ്ക (29), കുശാല്‍ പെരേര (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ദസുന്‍ ഷനകയാണ് (2) പുറത്തായ മറ്റൊരു താരം. പാകിസ്ഥാന്‍ വേണ്ടി ഇഫ്തിഖര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ മൂന്ന് വിക്കറ്റെടുത്ത മതീഷ പതിരാന, രണ്ട വിക്കറ്റെടുത്ത മദുഷന്‍ എന്നിവരാണ് പാകിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്. റിസ്‌വാന് പുറമെ അബ്ദുള്ള ഷെഫീഖ് (52), ഇഫ്തിഖര്‍ (47) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ഫഖര്‍ സമാന്‍ (4), ബാബര്‍ അസം (29), മുഹമമദ് ഹാരിസ് (3), മുഹമ്മദ് നവാസ് (12) എന്നിവര്‍ നിരാശപ്പെടുത്തി