തിരുവനന്തപുരം : സോളാർ പീഡന കേസിൽ കോൺഗ്രസ് എംപി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി തള്ളി. എംഎൽഎ ഹോസ്റ്റലിൽ വെച്ച് ഹൈബി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിയിൽ ഒരു കഴമ്പുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സിബിഐ കണ്ടെത്തി. സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട്.
ഇതിനിടെ, സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഒക്ടോബർ 18ന് ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത കേസിൽ പരാതിക്കാരിയാണ് ഒന്നാം പ്രതി. ഗണേഷ് കുമാർ രണ്ടാം പ്രതിയും.