രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച്ച മുതല്‍ കുതിച്ചേക്കും; കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്

പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ കൈമാറും. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് സര്‍വ്വീസ്. സമയക്രമം സംബന്ധിച്ച അന്തിമവിവരം വിദഗ്ധ സമിതി വൈകാതെ കൈമാറും.

ഞായറാഴ്ച്ച ഉദ്ഘാടന യാത്ര ഉണ്ടാവുമെന്നാണ് സൂചന. ശനിയാഴ്ച്ച ട്രയല്‍ റണ്‍ നടത്തും. ആഴ്ച്ചയില്‍ ഒരു ദിവസം സര്‍വ്വീസ് ഉണ്ടാകില്ല. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്നും പുറപ്പെട്ട് 3.05 തിരുവനന്തപുരത്തെത്തുന്ന തരത്തിലാണ് സമയക്രമമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.05 ന് പുറപ്പെട്ട് രാത്രി 11. 55 ന് കാസര്‍കോട്ടെത്തും.

കേരളത്തിന് ഒരു വന്ദേഭാരത് കൂടി അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ അറിയിപ്പുകള്‍ പുറത്തു വരുന്നത്. രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ക്കുള്‍പ്പെടെ ചെന്നൈയില്‍ നേരത്തെ പരിശീലനം ആരംഭിച്ചിരുന്നു. ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

നിലവില്‍ 30 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെയാണ് മൂന്ന് പുതിയ റേക്കുകള്‍ റെയില്‍വേ പുതിയതായി അനുവദിച്ചിരിക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്തി രാത്രി മടങ്ങിയെത്തുന്നതാണ് നിലവിലുള്ള വന്ദേഭാരത് സര്‍വീസ്.