മൂന്നാറിലെ ഹോട്ടൽ ജീവനക്കാരന്‍റെ ആത്മഹത്യ; വില്ലൻ ഓൺലൈൻ ഗെയിം, ജയിച്ചിട്ടും പണം ലഭിച്ചില്ല, മൊഴി...

മൂന്നാർ: ഇടുക്കിയിൽ മൂന്നാറിലെ പള്ളിവാസലിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലൻ ഓണ്‍ലൈൻ ഗെയിം. ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടമായതിനെ തുടർന്നാണ് കാസര്‍ഗോഡ് സ്വദേശിയായ പി കെ റോഷൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ സുഹൃത്തുക്കള്‍ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റോഷന്‍റെ ആത്മഹത്യക്ക് പിന്നിൽ ഓൺലൈന ഗെയിമാണെന്ന് കണ്ടെത്തിയത്.കുറച്ചുനാളായി റോഷൻ നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്നുവെന്നും ഇതുമൂലം കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായെന്നും സഹപ്രവർത്തകർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ തുടർച്ചയായി പണം ഉപയോഗിച്ച് യുവാവ് റമ്മി കളിക്കുന്നത് ജീവനക്കാർ കണ്ടിരുന്നു. ആദ്യം ഗെയിം കളിച്ച് പണം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കളിച്ചുണ്ടാക്കിയ പണം കിട്ടാതായി. ഒടുവിൽ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നൽകാൻ ഓണ്‍ലൈൻ ഗെയിം നടത്തുന്നവർ ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ പണം നൽകിയ ശേഷമായിരുന്നു റോഷന്‍റെ ആത്മഹത്യ.ബുധനാഴ്ച രാത്രിയോടെയാണ് റോഷിനെ താമസസ്ഥലത്ത് കാണാതായത്. തുടർന്ന് പുലർച്ചെ ജീവനക്കാർ നടത്തിയ തെരച്ചിലാണ് റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ റോഷിനെ കണ്ടെത്തിയത്. കാസർഗോഡ് വെള്ളരിക്കുണ്ട് റാണിപുരം പാറക്കൽ റെജി- റെജീന ദമ്പതികളുടെ ഒറ്റ മകനാണ് ആത്മഹത്യ ചെയ്തത് പി കെ റോഷിൻ. കുറച്ചുനാളുകൾക്കു മുമ്പാണ് ഇയാൾ സ്വകാര്യ റിസോർട്ടിൽ ജോലിക്കായി എത്തിയത്