കേരളത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ പട്ടികയില്‍ ഇടംപിടിച്ച് പുതുപ്പള്ളി. കേരള നിയമസഭയുടെ ചരിത്രത്തില്‍ അമ്പതാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളിയില്‍ നടന്നത്. ഉപതിരഞ്ഞെടുപ്പുകളിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷത്തോടെയാണ് അമ്പതാം പോരാട്ടം കൊടിയിറങ്ങിയിരിക്കുന്നത്. 37719 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചാണ് ചാണ്ടി ഉമ്മൻ്റെ ചരിത്ര വിജയം. 2005ല്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ നേടിയ 45377 വോട്ടിന്റെ ഭൂരിപക്ഷമാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് ഭൂരിപക്ഷം. 1992ല്‍ താനൂരില്‍ നിന്നും മുസ്ലിംലീഗിലെ കുട്ടി അഹമ്മദ് കുട്ടി 28183 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചതാണ് ഉപതിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മൂന്നാമത്.ഇതിന് പുറമെ പത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ ഇരുപതിനായിരത്തില്‍ കൂടുതല്‍ ഭൂരിപക്ഷം നേടിയവരുണ്ട്. സിപിഐഎമ്മിലെ പ്രകാശന്‍ മാസ്റ്റര്‍ 2005ല്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് 26376 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 1970ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി അച്യുതമേനോന്‍ കൊട്ടാരക്കരയില്‍ നിന്ന് 26063 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2022ന് തൃക്കാക്കരയില്‍ നിന്നും ഉമാ തോമസ് തിരഞ്ഞെടുക്കപ്പെട്ടത് 25016 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാര്‍ 1996ല്‍ തലശ്ശേരിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 24501 വോട്ടിന്റെ മേല്‍ക്കൈ നേടിയായിരുന്നു. 2017ല്‍ വേണ്ടരയില്‍ നിന്ന് മുസ്ലിംലീഗിലെ കെ എന്‍ എ ഖാദര്‍ നേടിയത് 23310 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി 1995ല്‍ തിരൂരങ്ങാടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഭൂരിപക്ഷം 22259 വോട്ടായിരുന്നു. 1984ല്‍ മുസ്ലിംലീഗിലെ ഇസ്ഹാഖ് കുരിക്കള്‍ മഞ്ചേരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് 21809 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 1996ല്‍ പുനലൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സിപിഐയിലെ പിഎസ് സുപാലിന്റെ ഭൂരിപക്ഷം 21333 വോട്ടായിരുന്നു. 2018ല്‍ നിന്നും സിപിഐഎമ്മിലെ സജി ചെറിയാന്‍ നിയമസഭയിലേക്ക് തിരഞ്ഞടുക്കപ്പെടുമ്പോള്‍ ഭൂരിപക്ഷം 20965 വോട്ടായിരുന്നു. 1979ല്‍ സിപിഐഎമ്മിലെ എംവി രാജഗോപാല്‍ 20658 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.
അഞ്ച് ഉപതിരഞ്ഞെടുപ്പുകളാണ് ആയിരത്തിന് താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിധി നിര്‍ണ്ണയിച്ചിട്ടുള്ളത്. 2006ല്‍ തിരുവമ്പാടിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് സിപിഐഎമ്മിലെ ജോര്‍ജ്ജ് എം തോമസിന്റെ പേരിലാണ് ഉപതിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന്റെ റിക്കോര്‍ഡ്. 246 വോട്ടിനായിരുന്നു ജോര്‍ജ്ജ് എം തോമസിന്റെ വിജയം. 1998ല്‍ മാളയില്‍ നിന്നും സിപിഐയിലെ ഡബ്ലു എസ് ശശി ജയിച്ചത് 272 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു. 1986ല്‍ റാന്നിയില്‍ നിന്നും റെയ്ച്ചല്‍ സണ്ണി പനവേലില്‍ വിജയിച്ചത് 623 വോട്ടിനായിരുന്നു. ഉദുമയില്‍ നിന്നും സിപിഐഎമ്മിലെ പുരുഷോത്തമന്‍ 816 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കേരളാ കോണ്‍ഗ്രസിലെ വി സുരേന്ദ്രന്‍പിള്ളയുടെ പുനലൂരില്‍ നിന്നുള്ള 1984ലെ വിജയം 974 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു