ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്ത് പോലീസിന് നേരെ ട്രാൻസ്ജൻഡേഴ്സിന്റെ കൂട്ട ആക്രമണം. പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.
ദേശീയ പാതയിൽ ആറ്റിങ്ങൽ മാമം ഭാഗത്ത് ട്രാൻസ്ജൻഡേഴ്സ് കൂട്ടമായി അക്രമവും അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്നതായി നിരന്തരം പോലീസിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശത്ത് പട്രോളിംഗ് നടത്താറുണ്ട്. ഇന്ന് പുലർച്ചെ കടയ്ക്കാവൂർ സിഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിംഗ് സംഘം മാമം ചന്തയ്ക്കു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ട്രാൻസ്ജൻഡേഴ്സിനെ കാണുകയും ഇവർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ആറ്റിങ്ങൽ എസ്ഐ അഭിലാഷിനെ കയ്യേറ്റം ചെയ്ത് യൂണിഫോം വലിച്ചു കീറി. കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ചു. മാത്രമല്ല പോലീസ് ജീപ്പിന്റെ പുറക് വശത്തെ ചില്ല് എറിഞ്ഞു തകർക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ പിടികൂടി കസ്റ്റഡിയിൽ എടുത്തു. ആറ്റിങ്ങൽ സിഐ മുരളികൃഷ്ണന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 8 ട്രാൻസ്ജൻഡേഴ്സിനെയാണ് പിടികൂടിയത്.
മാമം പ്രദേശത്ത് നിരവധി ബാങ്കും എടിഎമ്മും പ്രവർത്തിക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ ട്രാൻസ്ജൻഡേഴ്സ് കൂട്ടമായി എത്തി പിടിച്ചുപറിക്കാനും ആക്രമിക്കാനും ശ്രമിക്കാറുണ്ടെന്ന് പരാതികളുണ്ട്. മാത്രമല്ല ഇവിടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്.