ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന, തിരുവനന്തപുരം നാലാം സ്ഥാനത്ത്

ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ രണ്ട് മാസത്തിനിടെ 2.8 മില്ല്യണ്‍ യാത്രക്കാരാണ് വിമാനത്താവളെത്തെ ആശ്രയിച്ചത്. 2026ഓടെ ഇരുപത് മില്ല്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ വിമാനത്താവളം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നുളള 2.8 മില്ല്യണ്‍ യാത്രക്കാരാണ് ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്തത്.ഇക്കാലയളവില്‍ 17,700 ഫ്‌ളൈറ്റുകള്‍ ഇവിടെ വന്നുപോയി. ഷാര്‍ജയിലേക്കും തിരിച്ചുമുളള യാത്രക്കാരുടെ എണ്ണത്തില്‍ ദോഹയില്‍ നിന്നുളളവരാണ് മുന്നില്‍. 1,24,000ത്തിലധികമാണ് യാത്രക്കാരുടെ എണ്ണം. ധാക്ക രണ്ടാം സ്ഥാനത്തും കെയ്‌റോ മൂന്നാം സ്ഥാനത്തും തിരുവനന്തപുരം നാലാം സ്ഥാനത്തുമുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രാനുഭവം നല്‍കുന്നതിനായി നിരന്തരം പരിശ്രമിക്കുന്നതായി എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ സലീം അലി മിദ്ഫ വ്യക്തമാക്കി. കൂടുതലല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി. 2026 ഓടെ ഇരുപത് മില്ല്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ വിമാനത്താവളം വികസിപ്പിക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞു.