തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇടതുനയവ്യതിയാനം തിരുത്തണമെന്ന് എഐറ്റി യുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ . കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എഐറ്റിയുസി) സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ത്രിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുനയത്തിൽ നിന്നും വ്യതിചലിക്കുന്ന പല നടപടികളും പൊതുമേഖലയിലും, സഹകരണ മേഖലയിലും വർദ്ധിച്ചു വരുന്നത് സർക്കാരിന്റെ ശത്രുക്കൾക്ക് ആയുധമാക്കേനേ ഉപകരിക്കൂ. ഇത്തരം നടപടികൾ തിരുത്താൻ അടിയന്തരമായി ഇടപെടണമെന്നും കെ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
സഹകര സംഘം ജീവനക്കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക,സാമൂഹ്യക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ് മുൻകാല പ്രാബല്യത്തിൽ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, കയർ - കൈത്തറി വ്യവസായ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കുക,ജീവനക്കാരുടെ പ്രമോഷൻ നിഷേധിക്കുന്ന ചട്ടം 185 ഭേദഗതികൾ പിൻവലിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുക, ക്ഷീര സംഘങ്ങളിൽ 80-ാം വകുപ്പ് പൂർണ്ണമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ത്രിദിന സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന് കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതം പറഞ്ഞു. എഐറ്റിയുസി സംസ്ഥാന സെക്രട്ടറി എം ജി രാഹുൽ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ,എഐറ്റിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലിംഗൽ ജയശ്ചന്ദ്രൻ, എഐറ്റിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി ,സഹകരണ വേദി ജില്ലാ പ്രസിഡന്റ്,പള്ളിച്ചൽ വിജയൻ, കെസിഇസി സംസ്ഥാന ട്രഷറർ ബെൻസി തോമസ് തുടങ്ങിയവർ സംസാരിച്ചു. കെസിഇസി നേതാക്കളായ വി എസ് ജയകുമാർ , ആർ പ്രദീപ്, പ്രകാശ് ലക്ഷ്മണൻ ,ബോബി മാത്തുണ്ണി, ആർ ബിജു, കെ വി പ്രമോദ്, പ്രി പ്രകാശ്, അരുൺ കെ എസ് മണ്ണടി , എം ജി ജയൻ , കെ സി ബിന്ദു, സി ആർ രേഖ തുടങ്ങിയവർ നേതൃത്വം നൽകി.
വൈകുന്നേരം നടന്ന സമാപന സമ്മേളനം എ ഐറ്റിയുസി സംസ്ഥാന സെക്രട്ടറി എം പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹത്തിന് വിവിധ സംഘടനകൾ അഭിവാദ്യ പ്രകടനം നടത്തി. വിവിധ കലാപരിപടികളും സത്യാഗ്രഹത്തിൽ അവതരിപ്പിച്ചു. രണ്ടാം ദിവസത്തെ സത്യാഗ്രഹം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.