ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ചന്ദ്രയാന്‍-മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറെയും ഉണര്‍ത്താന്‍ ശ്രമിച്ച് ഐ.എസ്.ആര്‍.ഒ

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ചന്ദ്രയാന്‍-മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറെയും ഉണര്‍ത്താന്‍ ശ്രമിച്ച് ഐ.എസ്.ആര്‍.ഒ. വിക്രം ലാന്‍ഡറുമായും പ്രഗ്യാന്‍ റോവറുമായും ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ഉണര്‍ന്നിരിക്കുകയാണോയെന്ന് ഉറപ്പാക്കുന്നതിന് ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഎസ്ആര്‍ഒ എക്സ് പ്ലാറ്റ് ഫോമില്‍ അറിയിച്ചു. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തന ക്ഷമമായോ എന്നറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ദൗത്യം ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പിനിടെയാണ് ഇന്ന് വൈകിട്ട് 6.48 ഓടെ ഐഎസ്ആര്‍ഒയുടെ അറിയിപ്പെത്തിയത്. ഇപ്പോള്‍ സിഗ്നല്‍ ലഭിച്ചില്ലെങ്കിലും അധികം വൈകാതെ ശുഭവാര്‍ത്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.ഓട്ടോമാറ്റിക്ക് ആയി ലാന്‍ഡറും റോവറും ഉണരുന്നതിനായി ചില സര്‍ക്യൂട്ടുകള്‍ നേരത്തെ തന്നെ അതില്‍ സൂക്ഷിച്ചിരുന്നുവെന്നും അതിനായി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നുമാണ് നേരത്തെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞിരുന്നത്. ഉണരുന്നതിന് ഇനിയും സമയം ഉണ്ടെന്നും വെള്ളിയാഴ്ച രാത്രിയോടെയോ ശനിയാഴ്ചയോ അത് സംഭവിച്ചേക്കാമെന്നും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. പൂര്‍ണമായും ലാന്‍ഡറും റോവറും പ്രവര്‍ത്തന ക്ഷമമാക്കുകയെന്നത് വിദൂര സാധ്യതയാണെങ്കിലും അതുണ്ടായാല്‍ അടുത്ത 14 ഭൗമ ദിനങ്ങള്‍ കൂടി ചന്ദ്രനില്‍ പര്യവേക്ഷണം തുടരാനാകും. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്കാണ് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്ക് മാറിയത്. സെപ്റ്റംബര്‍ രണ്ടിനാണ് പ്രഗ്യാന്‍ റോവറിനെ ഉറക്കിയത്. ലാൻഡറും റോവറും പ്രവർത്തനം തുടങ്ങുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.