അഞ്ചല്‍ കരുകോണില്‍ നിന്നും വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.

അഞ്ചല്‍: കരുകോണില്‍ നിന്നും വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടോടെ കരുകോണ്‍ കുട്ടിനാട് മടവൂര്‍ കോണം കോളനിഭാഗത്ത് കാറിലെത്തിയ സംഘം എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു.
അലറിവിളിച്ച കുട്ടിയുടെ ബഹളം കേട്ട് സ്ത്രീകളടക്കമുള്ളവര്‍ ഓടിയെത്തുകയും കാറിലുണ്ടായിരുന്ന സംഘം കുട്ടിയെ കാറിന് പുറത്താക്കി രക്ഷപ്പെടുകയുമായിരുന്നു. കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ കാര്‍ കടയ്ക്കല്‍ ചിതറ സ്വദേശിയുടേതാണന്നറിയാന്‍ കഴിഞ്ഞതായി കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
കരൂകോണ്‍ മടവൂര്‍ കോണം കോളനി പരിസരം കഞ്ചാവ് കച്ചവട കേന്ദ്രമാണ്. സംഘടിതമായി കഞ്ചാവും മയക്കുമരുന്നുകളും വ്യാപകമായി വിപണനം നടത്തുന്നുണ്ട്. ഇതിന്റെ ഏജന്റുമാരും നാട്ടുകാരുമായി സംഘര്‍ഷവും പതിവാണ്. ഇതിനിടയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായിരിക്കുന്നത്.
പലഭാഗങ്ങളില്‍ നിന്നും പരിചയമില്ലാത്ത ആളുകളും വാഹനങ്ങളുമെത്തുണ്ടെന്നും ഇവര്‍ നാട്ടുകാരുമായി സംഘര്‍ഷമുണ്ടാകാറുണ്ടെന്നും പരാതിയുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.