തലവേദന ഒഴിയാതെ പഴയകുന്നുമ്മലിലെ സിപിഎം; പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ്



പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഈ അടുത്ത് നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ പോലും കോൺഗ്രസ് വിജയിച്ചത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചത്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ സിപിഎം നുള്ളിൽ രൂക്ഷമായ ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കെയാണ് സി.പി.എം പഞ്ചായത്തംഗത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പരാതിനൽകാൻ തീരുമാനിച്ചിരിക്കുന്നത്. കുന്നുമ്മേൽ വാർഡിൽ നിന്നുള്ള സി.പി.എം പഞ്ചായത്തംഗം എൻ.സലിലിനെതിരെയാണ് പരാതി നൽകുക. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ സത്യവാങ് മൂലത്തിൽ തന്റെ പേരിൽ പോലീസ് കേസുകൾ നിലവിലില്ല എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 6/5/2015 ൽ കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സലിലും മകനും പ്രതിയാണെന്നാണ് വിവരാവകാശ രേഖകൾ പ്രകാരം യൂത്ത് കോൺഗ്രസ്സ് അവകാശപ്പെടുന്നത്. യൂത്ത് കോൺഗ്രസ് ഉയർത്തിയിരിക്കുന്ന പരാതി കിളിമാനൂരിലേ സിപിഐ (എം ) നെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
 കേസുകളുടെ വിവരങ്ങൾ മറച്ചുവച്ചു തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച സലിലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്പരാതി നൽകുമെന്നും കള്ള സത്യവാങ്മൂലം നൽകി തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസ്യത നഷ്ട്ടപെട്ട പഞ്ചായത്ത്‌ അംഗത്തെ അയോഗ്യനാക്കും വരെ യൂത്ത് കോൺഗ്രസ്‌ നിയമപരമായി രാഷ്ട്രീയപരമായും മുന്നോട്ട് പോകുമെന്നും പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡൻ്റ് വൈശാഖ് വല്ലൂർ പ്രസ്ഥാവനയിൽ പറഞ്ഞു.
   
    തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പരാതിയോട് ഗൗരവപരമായ സമീപനം സ്വീകരിച്ചാൽ അത് കിളിമാനൂരിൽ പുതിയ രാഷ്ട്രീയ അന്തരീക്ഷം രൂപം കൊള്ളുന്നതിനും അത് വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിനും കാരണമായി മാറും.