ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ് അപകടം; മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ മരിച്ച ആതിരയുടെ മകന്‍ കാശിനാഥന്റെ മൃതദേഹമാണ് ഇന്ന് രാവിലെ തെരച്ചിലില്‍ കണ്ടെത്തിയത്. അപകടസ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ടായിരുന്നു ഓട്ടോ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ വെണ്മണി മൂന്നാം വാര്‍ഡ് പാറച്ചന്ത വലിയപറമ്പില്‍ സൈലേഷിന്റെ ഭാര്യ ആതിരയുടെ മൃതദേഹം സംഭവത്തിന് പിന്നാലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടെത്തിയിരുന്നു.

അഞ്ച് പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ആതിരയുടെ ഭർത്താവ് ശൈലേഷ്, മകൾ കീർത്തന, ഓട്ടോ ഡ്രൈവർ ലേബനോ സജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.