ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെ കൊല്ലത്ത് കുരീപ്പുഴ ടോൾ പ്ലാസയിലെ ടോൾ പിരിവ് തത്കാലത്തേക്ക് നിർത്തി.

കൊല്ലം: ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെ കൊല്ലത്ത് കുരീപ്പുഴ ടോൾ പ്ലാസയിലെ ടോൾ പിരിവ് തത്കാലത്തേക്ക് നിർത്തി. ദേശീയപാതാ വികസനം പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടത്. ടോൾ പിരിക്കാൻ കരാർ കമ്പനി, മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഇടപെടൽ തേടി.

ദേശീയ പാതാ വികസനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പണി പൂർത്തിയാക്കണം, ടോൾ പ്ലാസ പരിസരത്തെ റോഡുകളിലെ തെരുവു വിളക്കുകൾ പ്രവർത്തിപ്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. അതുവരെ ടോൾ പിരിവ് അനുവദിക്കില്ലെന്നും സിപിഎം യുവജന സംഘടന നിലപാടെടുത്തു. അഞ്ചാലും മൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചു. ഇതോടെ ടോൾ പ്ലാസ അടക്കുകയായിരുന്നു.