അധര്‍മ്മത്തിനെതിരെ പ്രതികരിക്കാന്‍ കഴിയുന്നവരായി സമൂഹത്തില്‍ മുഖ്യധാരയില്‍ നിന്നും പിന്‍തള്ളപ്പെടുന്നവര്‍ തയ്യാറാകണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി

അധര്‍മ്മത്തിനെതിരെ പ്രതികരിക്കാന്‍ കഴിയുന്നവരായി സമൂഹത്തില്‍ മുഖ്യധാരയില്‍ നിന്നും പിന്‍തള്ളപ്പെടുന്നവര്‍ തയ്യാറാകണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ഭരണ ഔദ്യോഗിക മേഖലകളില്‍ നിന്നും തമ്പുരാന്‍ കോട്ടകളെ ഒഴിവാക്കുന്ന തിനും എല്ലാവര്‍ക്കും എല്ലാമേഖലകളിലും തുല്യ അവസരം സംജാതമാക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും സ്വാമി പറഞ്ഞു.  
ശ്രീനാരായണ മാസാചരണത്തിന്‍റേയും ധര്‍മ്മചര്യായജ്ഞത്തിന്‍റെയും സമാപനത്തോടനു ബന്ധിച്ച് നടത്തിയ ബോധാനന്ദ സ്വാമി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമദ് സച്ചിദാനന്ദ സ്വാമി.
ജാതിയുടെ പേരില്‍ മുഖ്യധാരയില്‍ നിന്നും അധികാര പങ്കാളിത്തങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയവര്‍ക്ക് തുല്യനീതി ലഭ്യമായി എന്നുറപ്പാക്കേണ്ട കടമ ഭരണവര്‍ഗത്തിനുണ്ട്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംഭവിക്കുന്ന അസന്തുലിതാവസ്ഥയെപ്പറ്റി ഏറെ ബോധവാന്‍മാരാകണം സമൂഹത്തിലെ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ എന്നും സ്വാമി ചൂണ്ടിക്കാട്ടി. ഇവിടെ ഒരു വലിയ വിഭാഗത്തെ പല മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തിയത് ജാതിയുടെ പേരിലായിരുന്നു. വിദ്യാസമ്പന്നരായിട്ടും സാമ്പത്തിക സ്ഥിതി അനുകൂലമായിരുന്നുവെങ്കിലും ജാതിയുടെ പേരില്‍ വിഷമിക്കേണ്ടി വന്നവര്‍ അനവധിയാണ് . അവര്‍ക്ക് എല്ലാമേഖലയിലും മതിയായ പങ്കാളിത്തം ഉറപ്പാകണം. ഇത്തരം അനീതികളെ ശക്തമായി നേരിട്ട സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു ബോധാനന്ദ സ്വാമി. ഗുരുദേവ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു രംഗത്ത് നിലകൊണ്ടപ്പോള്‍ ബോധാനന്ദ സ്വാമിക്ക് പലമേഖലയില്‍ നിന്നും എതിര്‍പ്പുകളെ നേരിടേണ്ടി വരികയുണ്ടായി. ഈ എതിര്‍പ്പുകള്‍ പല രംഗങ്ങളിലും നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയണമെന്നും സ്വാമി സച്ചിദാനന്ദ തുടര്‍ന്നു പറഞ്ഞു.  
ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ഗുരുദേവ ദര്‍ശന മഹിമ ശാസ്ത്രീയമായി ഉള്‍ക്കൊണ്ട് പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് മുന്നേറാന്‍ ഗുരുദേവ ഭക്തര്‍ക്കാകണം. അശാസ്ത്രീയമായ അനുഷ്ഠാനങ്ങളെ തള്ളി ശാസ്ത്രീയ അനുഷ്ഠാനങ്ങളെ സ്വീകരിച്ച് ജീവിതം മഹത്വപൂര്‍ണ്ണമാക്കുവാന്‍ കഴിയണമെന്നും ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.
ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഗുരുധര്‍മ്മപ്രചരണ സഭാ വര്‍ക്കല മണ്ഡലം പ്രസിഡന്‍റ് എസ്. സുരേഷ് ബാബു, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.  
സ്വാമി സത്യാനന്ദതീര്‍ത്ഥ, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ദേവചൈതന്യ, ഗുരുധര്‍മ്മപ്രചരണ സഭാ എക്യിക്യൂട്ടീവ് അംഗങ്ങളായ ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, പുത്തൂര്‍ ശോഭനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ധര്‍മ്മചര്യായജ്ഞത്തിന് നേതൃത്വം വഹിച്ച കൊല്ലം തിരുവനന്തപുരം ജില്ലകളിലെ ഗുരുധര്‍മ്മ പ്രചരണ സഭാമണ്ഡലം ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.

#sivagiri