വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ചു; കുന്നിന്‍ മുകളില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍

വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ച ശേഷം കുന്നിന്‍ മുകളില്‍
 നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍. നിരവധി ക്രിമിനല്‍
 കേസുകളിലെ പ്രതിയായ കിളിമാനൂര്‍ ഇരപ്പില്‍ അബീന ഹൗസില്‍ ഷൈന്‍ 
എന്നുവിളിക്കുന്ന ഷഹിന്‍ഷായെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 
പ്രതിയുടെ ആക്രമണത്തില്‍ വര്‍ക്കല സി.പി.ഒ നിജിമോന്റെ കൈക്ക് പരിക്കേറ്റു.
പരിക്കേറ്റ ഷെഹന്‍ഷായെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വര്‍ക്കല ഹെലിപാഡില്‍
 നൈറ്റ് പെട്രോളിങ്ങിന് എത്തിയ പോലീസിന് നേരെയായിരുന്നു പ്രതിയുടെ 
പരാക്രമണം. പോലീസ് എത്തിയപ്പോള്‍ മൂന്നു യുവാക്കള്‍ മദ്യലഹരിയില്‍ 
ഹെലിപ്പാഡില്‍ ഉണ്ടായിരുന്നു. ഇവരോട് ഇവിടെ നിന്നും പോകാന്‍ പോലീസ് 
ആവശ്യപ്പെട്ടു. രണ്ടുപേര്‍ മടങ്ങിയെങ്കിലും ഷഹിന്‍ഷാ മടങ്ങി പോകാന്‍ 
തയ്യാറായില്ല. മാത്രമല്ല പോലീസിന് നേരെ ഇയാള്‍ അസഭ്യവര്‍ഷവും നടത്തി.
ഇതേതുടര്‍ന്ന് പോലീസ് ഇയാളെ പോലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചു. 
എന്നാല്‍ സിവില്‍ പോലീസ് ഓഫീസര്‍ നിജിമോന്റെ കൈ കടിച്ചു മുറിച്ച പ്രതി 
രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി കുന്നിന്‍ മുകളില്‍ നിന്ന് 
ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഫയര്‍ഫോഴ്‌സ് 
എത്തിയാണ് രക്ഷപെടുത്തിയത്. പ്രതിക്കെതിരെ ഐ.പി.സി 332, 353 വകുപ്പുകള്‍ 
പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.
കിളിമാനൂര്‍ സ്വദേശിയായ ഷഹിന്‍ഷാ കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ 
കൊലക്കേസ് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 
വര്‍ക്കലയിലെ ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ക്രിമിനല്‍
 പശ്ചാത്തലം ഉള്ളവര്‍ സംഘടിക്കാറുണ്ടെന്നും, ഇവര്‍ പോലീസിനു നേരെ ആക്രമണം 
നടത്തുന്ന സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ പോലീസ് 
ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.