നിപയിൽ അതീവ ജാഗ്രത; ആദ്യം മരിച്ചയാള്‍ക്കും രോഗം സ്ഥിരീകരിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി തുടരും

കോഴിക്കോട്: സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നു. ആദ്യം മരിച്ചയാള്‍ക്കും നിപയെന്ന് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സിച്ച ആശുപത്രിയില്‍ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇയാളില്‍ നിന്നാണ് രണ്ടാമത് മരിച്ചയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത് എന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും മന്ത്രി വ്യക്തമാക്കി. 30 ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ‌ഒരാഴ്ച കൂടി തുടരും.അതിനിടെ, കോഴിക്കോട്ട് ഇന്ന് രാവിലെ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്ത് നിപ ബാധയിലെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിക്കാണ് രോഗബാധയുണ്ടായത്. നിപ പോസിറ്റീവായ വ്യക്തികള്‍, മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. 39 വയസുകാരനായ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ സാമ്പിളുകൾ കോഴിക്കോട്ട് സജ്ജമാക്കിയ മൊബൈൽ ലാബിൽ പരിശോധിച്ച്വരികയാണ്. അതേസമയം, മലപ്പുറത്തെ നിപ ആശങ്ക തൽക്കാലം ഒഴിഞ്ഞു. മഞ്ചേരിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിൾ ഫലം നെഗറ്റീവ് ആണ്.അതേസമയം, കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.