ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.ചെക്ക് ഇൻ തുടങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാർ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കൾ മരിച്ചതിനെ തുടർന്ന് യാത്രയ്ക്ക് തയാറെടുത്തവർ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.
എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതർ നൽകിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ട്.