പാരാമെഡിക്കല്‍ കോഴ്‌സ്; വ്യാജന്മാര്‍ക്കെതിരെ നടപടി; വിദ്യാര്‍ത്ഥികള്‍ ചതിക്കപ്പെടരുതെന്ന് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഏതൊക്കെ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കും. വ്യാജന്മാരുടെ കൈയ്യില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍ ചതിക്കപ്പെടരുതെന്നും വീണാ ജോര്‍ജ്ജ് പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടി വി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

'പരിശോധിക്കപ്പെടും. പരിശോധനകള്‍ നടത്തുന്നതിന് നിര്‍ദേശിക്കും. യോഗ്യതയുള്ളവര്‍ തന്നെയാണ് പാരാമെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. ജനങ്ങളുടെ ജീവനുമായും ആരോഗ്യവുമായും ബന്ധപ്പെട്ട വിഷയമാണ്. ഈ സാഹചര്യത്തില്‍ യോഗ്യതയുള്ളവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നതില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ല.

വ്യാജന്മാരുടെ കൈയ്യില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍ ചതിക്കപ്പെടരുത്. പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാകില്ല. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കും. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ലാബുകളില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യത നിശ്ചയിച്ചിട്ടുണ്ട്.' വീണാ ജോര്‍ജ്ജ് പറഞ്ഞു.

മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നോളജി, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ പല കോഴ്സുകള്‍ക്കും ആരോഗ്യ സര്‍വ്വകലാശാലയുടെയോ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെയോ അനുമതിയില്ലെന്നാണ് റിപ്പോര്‍ട്ടര്‍ സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്ലസ്ടു ജയിക്കാത്തവര്‍ക്ക് പോലും കോഴ്സ് പൂര്‍ത്തിയാക്കി ജോലി ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം. കൊവിഡിന് ശേഷം പാരാ മെഡിക്കല്‍ രംഗത്തുണ്ടായ ജോലി സാധ്യതകള്‍ മുന്നില്‍കണ്ടാണ് വിവിധ ഏജന്‍സികള്‍ കേരളത്തില്‍ വ്യാപകമായി അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തിവരുന്നത്.