ഡല്‍ഹിയില്‍ ഇരുപതുകാരനെ നടുറോഡില്‍ കുത്തിക്കൊന്നു; പ്രതികള്‍ 8 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

ഡല്‍ഹിയില്‍ ഇരുപതുകാരനെ എട്ടംഗസംഘം കുത്തിക്കൊന്നു. സംഗം വിഹാറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ദില്‍ഷാദ് എന്ന യുവാവാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരാണ് കസ്റ്റഡിയിലുള്ളവര്‍. കഴിഞ്ഞ കൊല്ലം നടന്ന ഒരു തര്‍ക്കമാണ് ഇപ്പോള്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം. ദില്‍ഷാദും പ്രതികളും സംഗം വിഹാര്‍ സ്വദേശികളാണ്.പരിക്കേറ്റ ദില്‍ഷാദിനെ മജീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും കുത്തേറ്റ ദില്‍ഷാദിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം ലഭിച്ചിരുന്നുവെങ്കിലും മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ ദില്‍ഷാദ് മരിച്ചു.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ യുവാവിനെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി പേര്‍ സംഭവം നോക്കിനില്‍ക്കുന്നതും ഒരുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം