തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനമാകുന്ന തലസ്ഥാനത്തെ ഘോഷയാത്രക്ക് മഴ വില്ലനാകുമോയെന്ന ആശങ്ക ശക്തം. രാവിലെ മുതൽ തലസ്ഥാന ജില്ലയിൽ പലയിടത്തും മഴ ശക്തമായിരുന്നു. കാലാവസ്ഥ വകുപ്പ് നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിലും തലസ്ഥാനമടക്കം 8 ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.അതേസമയം സംസ്ഥാനത്തെ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.