ആരാകും കോടീശ്വരന്‍; ഓണം ബമ്പര്‍ നറുക്കെടുപ്പ് നാളെ; വിറ്റു പോയത് 71 ലക്ഷത്തിലേറേ ലോട്ടറി

ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഒരു ദിനം മാത്രം. നാളെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കും. സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ലോട്ടറികള്‍ അച്ചടിച്ചപ്പോള്‍ 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റുപ്പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലോട്ടറി വില്‍പന ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇനിയും വാങ്ങാന്‍ ആളുമെത്തുമാണ് ലോട്ടറി വകുപ്പ് കരുതുന്നത്. വലിയ വില്‍പനയാണ് നടക്കുന്നതാണെന്നും ഒരുപാട് സമ്മാനം ഉള്ളത് കൊണ്ട് ആളുകള്‍ ലോട്ടറി എടുക്കാന്‍ എത്തുന്നുണ്ടെന്ന് ലോട്ടറി വില്‍പനക്കാര്‍ പറയുന്നു. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇക്കുറി 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.

ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും ഈ വര്‍ഷം ഒരുപാട് കോടീശ്വന്മാര്‍ ഉണ്ടാകും. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എത്തുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വര്‍ഷം 20 പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് ഒരാള്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ് ഇക്കുറി നല്‍കുക.

നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്. ഏജന്റുമാര്‍ക്കും ഇത്തവണത്തെ ഓണം ബമ്പര്‍ വില്‍പനയിലെ വരുമാനത്തില്‍ മാറ്റമുണ്ട്.

തിരുവോണം ബമ്പര്‍ ഏജന്റിന് ഒന്നാം സ്ലാബില്‍ 96രൂപ+1രൂപ ഇന്‍സെന്റീവും രണ്ടാം സ്ലാബില്‍ 100 രൂപ +1 രൂപ ഇന്‍സെന്റീവുമാണ് ഈ ഓണം ബമ്പര്‍ വില്‍പ്പനയിലൂടെ ലഭിക്കുക. നിലവില്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ യഥാക്രമം വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ് , നിര്‍മ്മല്‍, കാരുണ്യ, ഫിഫ്റ്റിഫിഫ്റ്റി എന്നീ ടിക്കറ്റുകള്‍ വിപണിയിലെത്തുന്നുണ്ട്. ഓരോ ദിവസവും ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇതിലൂടെ പ്രതിദിന വിറ്റുവരവായി 40 കോടി രൂപയാണ് ലഭിക്കുന്നത്.