ഭാരത് ജേഡോ യാത്ര വാർഷികാഘോഷവും പദയാത്രകളും സെപ്റ്റംബർ 7 ന്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികമായ സെപ്റ്റംബർ ഏഴിന് എഐസിസി ആഹ്വാനം അനുസരിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ അറിയിച്ചു.ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ പദയാത്രകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ നടക്കുന്ന പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ എം പി നിർവഹിക്കും.വിളക്കുംതറ മൈതാനിയിൽ നിന്നും സ്റ്റേഡിയത്തിലേക്ക് നടക്കുന്ന പദയാത്രയ്ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും നേതൃത്വം നൽകും. തുടർന്ന് കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും.

രമേശ് ചെന്നിത്തല തിരുവനന്തപുരത്തും കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി കൊല്ലത്തും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ആലപ്പുഴയിലും ആന്റോ ആന്റണി എംപി പത്തനംതിട്ടയിലും ബെന്നി ബെഹന്നാൻ എം പി കോട്ടയത്തും ഡീൻ കുര്യാക്കോസ് എംപി ഇടുക്കിയിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എറണാകുളത്തും എഐസിസി സെക്രട്ടറി വിശ്വനാഥപെരുമാൾ തൃശ്ശൂരും വി കെ ശ്രീകണ്ഠൻ എംപി പാലക്കാടും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മലപ്പുറത്തും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോടും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി .സിദ്ധിഖ് എംഎൽഎ വയനാടും രാജ് മോഹൻ ഉണ്ണിത്താൻ എം പി കാസർഗോഡും പദയാത്രകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.ഡിസിസി പ്രസിഡന്റുമാർ, ജില്ലകളിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ, എഐസിസി അംഗങ്ങൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ അതത് ജില്ലകളിൽ നടക്കുന്ന പദയാത്രകളിൽ പങ്കെടുക്കും.